ഓൺലൈൻ സംവിധാനം ഇല്ലാത്ത 2800 വിദ്യാർത്ഥികൾക്കും ഉടൻ സൗകര്യമൊരുങ്ങും: എംഎൽഎ ഫണ്ട്‌ ഉപയോഗിക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം : ഇനിയും ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഉടൻ സൗകര്യമൊരുക്കാൻ എംഎൽഎ മാരുടെ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയും വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഓൺലൈൻ ക്ലാസുകൾ വീട്ടിൽ ലഭ്യമല്ലാത്ത 2800 വിദ്യാർത്ഥികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കുട്ടികൾക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയും ഉപയോഗിക്കാൻ വിദ്യാഭ്യാസ മന്ത്രി സർക്കാരിനോട് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.
ഫണ്ട്‌ ഉപയോഗിച്ച് പൊതു വായന ശാലകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സഹകരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, അംഗനവാടികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പഠനത്തിനുള്ള സൗകര്യം ഒരുക്കും. ഇത്തരം കേന്ദ്രങ്ങൾ വാങ്ങുന്ന ടെലിവിഷനുകളുടെ വിലയിൽ കെഎസ്എഫ്ഇ കൈമാറുന്ന 75 ശതമാനം തുകയുടെ ബാക്കിയായി ഫണ്ടിൽ നിന്നുള്ള തുക വിനിയിഗിക്കാനും സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇതിനു പുറമേ കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കൾക്കായി കുടുംബശ്രീയും കെ എസ് എഫ് ഇയും ഒരുമിച്ച് നടപ്പിലാക്കുന്ന പ്രത്യേക സ്കീമുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പട്ടികജാതി -പട്ടിക വർഗ്ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ ആവിഷ്കരിക്കുന്ന സ്കീമുകൾക്കും സബ്‌സിഡി ആയി ഫണ്ടുകളിൽ നിന്നും വിഹിതം വഹിക്കുന്നതിനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

Share this post

scroll to top