
തിരുവനന്തപുരം: സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ അങ്കണവാടി വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂലൈ മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയോ അല്ലെങ്കിൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ വഴിയോ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. ഓരോ ജില്ലയിലും അങ്കണവാടി അധ്യാപകർ വ്യത്യസ്ത പ്രമേയങ്ങൾ അടിസ്ഥാനമാക്കി ക്ലാസുകൾ തയ്യാറാക്കും. ഇതിന്റെ ഭാഗമായി അധ്യാപകർ 18 മിനുട്ട് ദൈർഘ്യമുള്ള ക്ലാസുകൾ റെക്കോർഡ് ചെയ്തു തുടങ്ങി. കൊറോണ വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നത് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ശിശുക്ഷേമ വകുപ്പും ഓൺലൈൻ സംവിധാനത്തിലേക്ക് നീങ്ങുന്നത്.
