വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ലാപ്ടോപ് മൈക്രോ ചിട്ടി: മൂന്നാം മാസം ലാപ്ടോപ്

തിരുവനന്തപുരം: ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് പദ്ധതി തയാറാക്കുന്നു. ഇതിനായി ലാപ്‌ടോപ്പ് മൈക്രോ ചിട്ടിയാണ് ആരംഭിക്കുന്നത്. ലാപ്ടോപ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് പദ്ധതി പ്രകാരം ലഭിക്കുക.
മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചന നൽകിയിരുന്നു. കെഎസ്എഫ്ഇ നടത്തുന്ന ചിട്ടി 15,000 രൂപയുടേതാണ്.

500 രൂപ വീതം 30 മാസം അടയ്ക്കണം. മുടങ്ങാതെ തവണകൾ അടയ്ക്കുന്നവർക്ക് ഓരോ പത്തുതവണ കഴിയുമ്പോഴും അടുത്തമാസത്തെ തവണ കെഎസ്എഫ്ഇ നൽകും. ഇതുപ്രകാരം 1500 രൂപ കെഎസ്എഫ്ഇ തന്നെ അടയ്ക്കും. ലാപ്‌ടോപ്പ് വേണ്ടവർക്ക് മൂന്നാംമാസത്തിൽ അതിനുള്ള പണം കെഎസ്എഫ്ഇ നൽകും. ഐടി വകുപ്പ് ടെൻഡർ വിളിച്ചാണ് ലാപ്‌ടോപ്പ് വിതരണക്കാരെ നിശ്ചയിക്കുക. കുടുംബശ്രീവഴിയാണ് ലാപ്ടോപ് നൽകുക. .
തദ്ദേശസ്ഥാപനങ്ങൾ, പട്ടികജാതി, പട്ടിക വർ​ഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് ലാപ്‌ടോപ്പിന് സബ്‌സിഡി നൽകാം. എംഎൽഎമാർക്ക് അവരുടെ ഫണ്ടിൽനിന്ന് സബ്‌സിഡി അനുവദിക്കുന്നത് പരിഗണിക്കും. സബ്‌സിഡിത്തുക കെഎസ്എഫ്ഇ യിൽ അടയ്ക്കണം. അതനുസരിച്ച് ചിട്ടിത്തവണകൾ കുറയും. ജനപ്രതിനിധികൾക്ക് സ്പോൺസർമാരെ കണ്ടെത്തിയും കൂടുതൽ സബ്‌സിഡി അനുവദിക്കാമെന്നും നിർദേശമുണ്ട്.

Share this post

scroll to top