ടെലിവിഷനും പഠനസൗകര്യവുമില്ലാത്ത വിദ്യാർത്ഥികൾക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സ്വന്തമായി ടെലിവിഷനും പഠനസൗകര്യവുമില്ലാത്ത വിദ്യാർത്ഥികൾക്കായി വേഗത്തിൽ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ തുടങ്ങാൻ സർക്കാർ നിർദേശം. കേന്ദ്രങ്ങൾ തുടങ്ങാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കാകും.
സ്വന്തമായ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ടെലിവിഷന്‍ സെറ്റ് വാങ്ങാനുള്ള പണത്തിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ നല്‍കും ബാക്കി പണം അതത് തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം.
ടിവി ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്നത് ഒഴിവാക്കാനാണ് അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം സര്‍ക്കാർ കൈക്കൊള്ളുന്നത്. ടിവി ഇല്ലാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ അടിയന്തരമായി തയ്യാറാക്കി കൈമാറണം. ഇത്തരം വിദ്യാർത്ഥികളുടെ അയല്‍പക്കത്തുതന്നെ ടെലിവിഷന്‍ കാണുന്നതിനുള്ള പൊതു കേന്ദ്രങ്ങളും കണ്ടെത്തണം. വായനശാല, അംഗന്‍വാടി, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിനായി സജീകരിക്കാം. ഈ കേന്ദ്രങ്ങളുടെ പട്ടികയും അപേക്ഷഫോമും പൂരിപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍. കെ.എസ്.എഫ്.ഇ ഓഫിസുകളില്‍ എത്തിക്കണം. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം കണ്ടെത്താനാണ് തീരുമാനം. പഠനകേന്ദ്രം ഒരുക്കുന്നതിനുള്ള ചെലവും ടിവിയുടെ വിലയുടെ 25 ശതമാനവും തദ്ദേശസ്ഥാപനം മുടക്കുകയോ സ്പോണ്‍സര്‍ വഴി കണ്ടെത്തുകയോ വേണമെന്നാണ് നിർദേശം.

Share this post

scroll to top