ആഘോഷവും ആരവങ്ങളുമില്ലാതെ അവർ പരസ്പരം വിടചൊല്ലി

തിരുവനന്തപുരം: ആഘോഷവും ആരവങ്ങളുമില്ലാതെ ഈ വർഷത്തെ എസ്എസ്എൽസി
ബാച്ച് വിടപറഞ്ഞു. ഇന്ന് പൂർത്തിയായ കെമിസ്ട്രി പരീക്ഷയ്ക്കു ശേഷം അവർ സാമൂഹിക അകലം പാലിച്ച് പരസ്പരം വിട ചൊല്ലി. കെട്ടിപ്പുണരാതെ.. വസ്ത്രങ്ങളിൽ വർണ്ണങ്ങൾ വാരിയെറിയാതെ.. ഇനി പുതിയ ക്ലാസുകൾ പുതിയ കൂട്ടുകാർ. കഴിഞ്ഞ വർഷം വരെ എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിനത്തിൽ വിദ്യാർത്ഥികൾ ആഘോഷപൂർവ്വമാണ് വിട പറയാറ്. ഇത്തവണ അതുണ്ടായില്ല. ഇന്ന് നടന്ന കെമിസ്ട്രി പരീക്ഷയിൽ മുൻ ദിവസങ്ങളിലെ പോലെ 99.92 ശതമാനം വിദ്യാർത്ഥികൾ പങ്കെടുത്തു. 422450 വിദ്യാർത്ഥികളിൽ 338 പേർ മാത്രമാണ് ഹാജരാകാതിരുന്നത്. നാളെയും മറ്റന്നാളുമായി നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളോടെ ഈ വർഷത്തെ സ്കൂൾ പൊതുപരീക്ഷകൾക്ക് സമാപനമാകും.

Share this post

scroll to top