തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി അടക്കമുള്ള വിവിധ പരീക്ഷകൾ വീണ്ടും പ്രതിസന്ധിയിലായി. മെയ് 3ന് ലോക് ഡൗൺ അവസാനിക്കുകയായിരുന്നെങ്കിൽ മെയ് 11 മുതൽ പരീക്ഷകൾ നടത്താനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ധാരണ. എന്നാൽ ലോക് ഡൗൺ മെയ് 17 വരെ നീളുന്ന സാഹചര്യത്തിൽ ഈ പരീക്ഷകളുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ 21ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ലോക് ഡൗൺ കഴിഞ്ഞാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കി പരീക്ഷാ ക്രമീകരണങ്ങൾ നടത്താനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തിൽ മെയ് 17ന് ലോക് ഡൗൺ കഴിഞ്ഞാൽ മറ്റു ക്രമീകരണങ്ങൾ പൂർത്തീകരിച്ച് പരീക്ഷ ആരംഭിക്കാൻ മെയ് അവസാനമോ ജൂൺ ആദ്യമോ ആകും. എസ്‌എസ്‌എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ഈ പരീക്ഷകൾ പൂർത്തിയാക്കി മൂല്യനിർണ്ണയവും കഴിഞ്ഞ് അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിന് കൂടുതൽ സമയം ആവശ്യമായി വരും.
0 Comments