തിരുവനന്തപുരം: ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ എസ്‌എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കുന്നതിന് ധാരണ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളും. അല്പസമയം മുൻപ് തിരുവനന്തപുരത്ത് ഓഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകളെ കുറിച്ച് ചർച്ച ചെയ്തത്. ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ പരീക്ഷകൾ മെയ് രണ്ടാം വാരത്തിൽ ആരംഭിച്ചേക്കും. എല്ലാ സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ലോക് ഡൗൺ അവസാനിച്ചാൽ സ്കൂളുകൾ അണുവിമുകതമാക്കി സജ്ജീകരിക്കണം. വിദ്യാർത്ഥികൾ അതത് സ്ഥലങ്ങളിൽ തിരിച്ചെത്തണം. ഇതിന് ശേഷമേ തിയതി തീരുമാനിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും ഉച്ചക്കുമായി നടത്താനാണ് തീരുമാനം. പരീക്ഷകളുടെ മൂല്യനിർണ്ണയവും വേഗത്തിൽ പൂർത്തിയാക്കും. പരീക്ഷകൾ പുന:രാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. എസ്‌എസ്‌എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും സ്ഥാനക്കയറ്റം നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ നടത്തില്ല എന്നാണ് തീരുമാനം. ഇതിനു പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്‌ത് വാർഷിക പരീക്ഷയ്‌ക്ക് മാർക്ക് അനുവദിക്കും. ലോക്ക്‌ഡൗണിൽ ഇളവ് ലഭിച്ച ജില്ലകളിലെ സ്‌കൂളുകളിൽ പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങളും നടത്തിയ പരീക്ഷയുടെ മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു .
മെയ് 5 മുതൽ സ്‌കൂൾ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം.
0 Comments