ന്യൂഡൽഹി: സ്കൂൾ അടച്ചുപൂട്ടലിൽ ഈ വര്‍ഷത്തെ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചത് മത്സര പരീക്ഷകൾ നേരിടാനിരിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കുമെന്ന് വിലയിരുത്തൽ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജെഇഇ, നീറ്റ് എന്‍ട്രന്‍സ് പരീക്ഷകൾക്ക് വെട്ടിച്ചുരുക്കിയ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമോ എന്ന ആശങ്ക നിലവിലുണ്ട്.ജെഇഇ, നീറ്റ് പരീക്ഷകളുടെ സിലബസിലുള്ള ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളുടെ സിലബസ് സിബിഎസ്ഇ വെട്ടിക്കുറച്ചിട്ടുണ്ട്.
എന്നാൽ സിലബസ് 50 ശതമാനം വെട്ടിക്കുറച്ചു എന്ന് പറയുമ്പോഴും
വൻകിട റസിഡൻഷ്യൽ സ്കൂളുകൾ സിലബസ് പൂർണ്ണമായും പഠിപ്പിക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് തീർക്കേണ്ട പകുതിയിലേറെ പാഠഭാഗങ്ങളും ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ഈ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു തീർന്നു. ഓൺലൈൻ ക്ലാസ്സ് മുറയ്ക്ക് പരീക്ഷകളും നടത്തിവരുന്നു.നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പരീക്ഷകൾ നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്. ചോദ്യങ്ങൾ തയ്യാറാക്കുന്നത് സി.ബി.എസ്.സിയും. അതിനാൽ മത്സര പരീക്ഷകളുടെ സിലബസിന്റെ കാര്യത്തിൽ തീരുമാനം വരേണ്ടത് സിബിഎസ്ഇയിൽ നിന്നാണ്.