
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വെർമ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ആദ്യത്തെ 100 റാങ്കിൽ 10 മലയാളികൾ ഇടംനേടി. മലയാളികളായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് കരസ്ഥമാക്കി. ആർ. ശരണ്യ (36), സഫ്ന നസ്റുദ്ദീൻ (45), ആർ ഐശ്വര്യ (47), അരുൺ എസ്. നായർ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിൻ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അർച്ചന (99) ആദ്യ നൂറിൽ ഇടം നേടിയ മറ്റു മലയാളികൾ. ജനറൽ വിഭാഗത്തിൽനിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റിൽ ഇടംനേടി.വിവിധ സർവീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സർവീസ് 438, ഗ്രൂപ്പ് ബി സർവീസുകളിൽ 135-ഉം ഒഴിവുകളാണുള്ളത്.ആകെ 829 പേരെ നിയമനങ്ങൾക്കായി ശുപാർശ ചെയ്തു. 182 പേരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 സെപ്തംബറിൽ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുളള ഫലമാണ് പ്രസിദ്ധീകരിച്ചത്.ഫലം https://www.upsc.gov.in എന്ന വെബ്സൈറ്റിൽനിന്ന് അറിയാനാകും.
