തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത് ഇനി വെറും രണ്ടാഴ്ച സമയം. പരീക്ഷകൾ ആരംഭിക്കാൻ ഇനി 16 ദിവസം മാത്രമാണ് ഉള്ളത്. പാഠഭാഗങ്ങൾ മുഴുവനും പഠിപ്പിച്ചു തീർക്കാനുള്ള അവസാന ശ്രമമാണ് എല്ലാ സ്കൂളുകളിലും നടക്കുന്നത്. മാർച്ച് 5 മുതൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ആരംഭിക്കുകയാണ്. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6മുതൽ ആരംഭിക്കും. ഹൈസ്‌കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയും നടക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാതെ വേറിട്ട് പ്രവർത്തിക്കുന്ന എൽപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
10, 12 ക്ലാസ് പൊതു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 9-ാം ക്ലാസ് പരീക്ഷ പരമാവധി ഒഴിവാക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9-ാം ക്ലാസ് വിദ്യാർ ഥികളായതിനാലാണിത്.











