കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3 സർട്ടിഫിക്കറ്റ് പ്രോഗ്രമുകൾക്കും അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 വരെ http://sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. കേരളത്തിൽ ഉടനീളമുള്ള 45 പഠനകേന്ദ്രങ്ങളിൽ ഈ മാസം 22 മുതൽ 28 വരെ നടത്തുന്ന പ്രത്യേക അഡ്മിഷൻ ഡ്രൈവിൽ സ്പോട്ട് അഡ്മിഷൻ സൗകര്യമുണ്ടാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. പുതിയ കോഴ്സുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് പോർട്ടൽ സജ്ജമായിട്ടുണ്ടെന്നും വി.സി. പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. എം. ജയപ്രകാശ്, രജിസ്ട്രാർ ഡോ. സുനിത എ പി, കൊല്ലം റീജിയണൽ ഡയറക്ടർ പ്രൊഫ. സോഫിയാ രാജന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ?: ഒന്നാം സമ്മാനം 50,000 രൂപ
തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 2021-ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.
മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. കൃത്രിമ ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കുന്നതല്ല, ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അതിവിദഗ്ദ്ധ എഡിറ്റിംഗ് അനുവദീയമല്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവയും നൽകണം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക്: http://prd.kerala.gov.in