തിരുവനന്തപുരം : ബിടെക് എട്ടാം സെമസ്റ്റർ റഗുലർ , സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 1 മുതൽ നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. മാർച്ച് 16 ന് നടത്താൻ സാധിക്കാത്ത ഏഴാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷയും എംബിഎടി5 പരീക്ഷയും ജൂൺ 26 ന് നടത്തും. എട്ടാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷ ജൂൺ 29 ന്. എംബിഎടി5 ഒഴികെയുള്ള പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള കേന്ദ്രങ്ങളിൽ എഴുതാം. പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂറിൽ നിന്നു 2.15 മണിക്കൂർ ആയി കുറച്ചു. മൊത്തം മാർക്ക് 70 ആയി കുറയ്ക്കും. രാവിലെ 10.15 ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 9.30 ന് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം . ഉച്ചയ്ക്കു 2.15 ആരംഭിക്കുന്ന പരീക്ഷകൾക്ക് 1.30 ന് എത്തണം. എട്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് ഒക്ടോബറിൽ മറ്റൊരു അവസരം നൽകും. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ അവസാന സെമസ്റ്റർ പ്രോജക്ടുകളുടെ മൂല്യനിർണയം ഇന്റർനാലായി നടത്താം. ബിടെക് ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയം 27,28, 29 തീയതികളിൽ നടത്തും. അധ്യാപകർക്ക് ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ട് പോയി മൂല്യനിർണയം നടത്താം.
