പൊന്നാനി: പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിന് പുതിയമുഖം. ഓരോ കാര്യവും കുട്ടികൾക്ക് നേരിട്ട് കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി ഭാഷാവികസന ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം, ഐ.ടി. ഇടം, വര ഇടം തുടങ്ങി 13 ഇടങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ കുഞ്ഞരങ്ങ്, ജൈവവൈവിധ്യ ഉദ്യാനം, ഗുഹയും വെള്ളച്ചാട്ടവും, ക്ലാസിനകത്തും പുറത്തുമായി കളിയുപകരണങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിട്ട് സ്റ്റാർസ് 2022 -23 വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ പ്രീപ്രൈമറി ‘ശലഭക്കൂട്’ ഒരുക്കിയത്. പ്രീപ്രൈമറി പഠനരംഗത്ത് ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയമായി ഉയരുകയാണ് തീരദേശ മേഖലയിലെ ഈ വിദ്യാലയം. പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ -ഓഡിനേറ്റർ ഡോ. ടി.വി. ഹരിആനന്ദകുമാർ മുഖ്യാതിഥികളായിരുന്നു. പൊന്നാനി യു.ആർ.സി. പരിശീലകൻ വി.കെ. അജയ്‌കുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ എ. ബാത്തിഷ, സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി, പി.ടി.എ. പ്രസിഡൻറ് ഫാറൂഖ് വെളിയങ്കോട്, യു.ആർ.സി. പരിശീലകൻ അജിത് ലൂക്ക്, പി.കെ. ഷാഹുൽ, എം.പി.ടി.എ. പ്രസിഡൻറ് റസിയ അലി, അധ്യാപകരായ എം. ധനദാസ്, പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർഥിയും യുവഗായകനുമായ ശിഹാബ് നയിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.