തൃശ്ശൂർ:അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഒക്ടോബർ 16ന് കുന്നംകുളത്ത് കൊടിയേറും. കായികമേളയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. മൂവായിരത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായിക മേളയിൽ പങ്കെടുക്കുന്നത്. അറുപത്തി നാലാമത് സ്‌കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്.
ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയും ആയിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങൾക്ക് രണ്ടായിരം രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരത്തി അഞ്ഞൂറ് രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരത്തി ഇരുന്നൂറ്റി അമ്പത് രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകുന്നതാണ്. മത്സരത്തിൽ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം
രണ്ട് ലക്ഷത്തി ഇരുപതിനായിരം, ഒരു ലക്ഷത്തി അറുപത്തി അയ്യായിരം, ഒരു ലക്ഷത്തി പതിനായിരം
എന്നിങ്ങനെ സമ്മാനതുക നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരാകുന്ന കുട്ടികൾക്ക് നാല് ഗ്രാം സ്വർണ്ണ പതക്കം സമ്മാനമായി നൽകും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായിക താരങ്ങൾക്ക് നാലായിരം രൂപ വച്ച് സമ്മാന തുക നൽകും.
ബെസ്റ്റ് സ്‌കൂൾ – ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി നാൽപ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകും.