തിരുവനന്തപുരം∙ പ്ലസ്ടു മൂല്യനിര്‍ണയം സത്യസന്ധവും നീതിയുക്തവുമാകുമെന്ന് ഉറപ്പുനൽകി മന്ത്രി വി. ശിവൻകുട്ടി. നിലവിൽ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ അത് വിശദമായി പരിശോധിക്കും. മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. മൂല്യനിർണ്ണയത്തിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇന്ന് അടക്കം കഴിഞ്ഞ 3 ദിവസമായി പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മുടങ്ങിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ച് വ്യക്തത വരുത്തിയാലേ മൂല്യനിര്‍ണയം നടത്തൂ എന്ന നിലപാടിലാണ് അധ്യാപകർ.
അപൂര്‍ണവും അപാകതയുള്ളതുമായ ഉത്തരൂചിക തിരുത്തണം എന്നാണ് അധ്യാപകരുടെ ആവശ്യം. ഇന്ന് തിരുവനന്തപുരം അടക്കമുള്ള പല മൂല്യനിര്‍ണയ ക്യാംപുകളിലും അധ്യാപകരെത്തിയില്ല. അതേസമയം ഉത്തര സൂചികയില്‍ മാറ്റം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു വിദ്യാഭ്യാസ വകുപ്പ്. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്നം ഉണ്ടാക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.