JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് രാവിലെ 9ന് നടക്കും. തിരുവനന്തപുരം എസ്എംവി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ശുചീകരണ യജ്നത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുനശീകരണം നടത്താനാണ് നിർദേശം. ഫെബ്രുവരി19, 20 തീയതികളിലാണ് സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കുക. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും.
ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും പ്രദേശത്തുള്ളവരുടെ സഹായമുണ്ടാകണം.
സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിട്ടുണ്ട്.