തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്നത്തിന് പകരം കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങൾ വലിയതോതിൽ മാറുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലങ്ങളിലുണ്ടാകുന്ന മാറ്റം വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നാടിനാകെ ബോധ്യമായി. അക്കാദമിക മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായാണ് വിദ്യാലയങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നത്. പുതിയ സാഹചര്യത്തിൽ അധ്യാപകരും വലിയതോതിൽ മാറി. ഇതിന്റെ ഗുണഫലം ആത്യന്തികമായി വിദ്യാർഥികൾക്ക് ലഭിക്കുന്നെന്ന് അധ്യാപകർ ഉറപ്പാക്കണം. അക്കാദമികരംഗം മാത്രമല്ല സ്‌കൂൾ മേളകളും കലാ, കായിക, ശാസ്ത്ര ഉത്സവങ്ങളായി മാറി. മാതൃഭാഷ പോലെ ഹിന്ദിയും ഇംഗ്ളീഷും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനാണ് ശ്രമം.

പുസ്തകങ്ങൾക്കൊപ്പം പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ജൈവവിദ്യാലയങ്ങളൊരുക്കി. ഐ.ടി അധിഷ്ഠിത പഠനപ്രക്രിയക്ക് വലിയ പ്രോത്സാഹനം നൽകി. പാഠപുസ്തകം വൈകുന്ന നില ഇപ്പോഴില്ല. അടുത്ത അധ്യയനവർഷത്തേക്കുള്ള പുസ്തകങ്ങൾ ഇതിനകം വിതരണം തുടങ്ങി. കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ പുസ്തകങ്ങൾ മൂന്നു വാല്യങ്ങളാക്കി. വിദ്യാഭ്യാസമേഖലയിൽ മുമ്പെങ്ങുമില്ലാത്ത പുരോഗതി സൃഷ്ടിക്കാനായതിനാലാണ് വിദ്യാഭ്യാസ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്. നാളത്തെ തലമുറയോടുള്ള കരുതലാണ് ഈ നടപടികൾ. 150 വർഷത്തിലേറെ പാരമ്പര്യമുള്ള മാരായമുട്ടം സ്‌കൂൾ പുതിയ സംവിധാനങ്ങളോടെ ഇനിയും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.