തിരുവനന്തപുരം: 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ പഠനം ജനുവരി ഒന്ന് മുതൽ ആരംഭിക്കാനിരിക്കെ ക്ലാസ് മുറികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം. ക്ലാസ് മുറികളുടെ ശുചീകരണവും അണുവിമുക്തമാക്കലും ഉടൻ പൂർത്തിയാക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ ഡിസംബർ 31 നകം ഒഴിവാക്കി, വിദ്യാലയങ്ങൾ അണുവിമുക്തമാക്കാനും നിർദേശിച്ചു.
കുട്ടികൾ സ്കൂളിലെത്തുമ്പോൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശം ഉടൻ നൽകും. 10,12 ക്ലാസുകളിലെ കുട്ടികൾ സ്കൂളിലെത്തുന്നതിന് നിർദേശിക്കുന്നതിനു മുമ്പ് രക്ഷിതാക്കളുടെ അഭിപ്രായം ആരായും. അവരുടെ പൂർണ്ണ അനുമതിയോടെ മാത്രമേ സ്കൂളിൽ കുട്ടികൾ എത്തേണ്ടതുള്ളു. കുട്ടികൾക്ക് പ്രയാസമുളവാക്കുന്ന വിധമുള്ള പരീക്ഷ ഒഴിവാക്കുന്നതിനും ആലോചനയുണ്ട്. പൊതുപരീക്ഷകൾ പരമാവധി വിദ്യാർഥി സൗഹൃദപരമാക്കുന്നതിനും ലളിതമായ ചോദ്യങ്ങൾ നിർമ്മിക്കുന്നതിനും SCERT യോട് നിർദ്ദേശിച്ചിട്ടുണ്ട്.
പഠനവുമായി ബന്ധപ്പെട്ട് 50 % അധ്യാപകർ ഹാജരാകുന്നതിന്റെ മാർഗനിർദ്ദേശം സ്കൂളുകൾക്ക് സ്വയം രൂപീകരിക്കാവുന്നതാണ്. 10, 12 ക്ലാസ്സുകളിലെ അധ്യാപകർ അല്ലാതെ താഴെ തലത്തിലെ അധ്യാപകർ സ്കൂളിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ കുട്ടികളുടെ പഠന പ്രവർത്തനത്തിന് സന്നദ്ധമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അധ്യാപകർക്ക് സ്വമേധയാ സ്കൂളിലെത്താൻ തടസ്സമില്ല.