തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ കൂടുതൽ ഇളവുകൾ നൽകിയതായി മന്ത്രി വി.ശിവൻകുട്ടി. സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്കെ ഇങ്ങനെ; കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവ്വീസിൽ തുടരുന്നതും, 2025 സെപ്തംബർ 1ന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ്.
അതാത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാവുന്നതാണ്. ഹയർസെക്കന്ററി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എസ്.റ്റി. ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാവുന്നതാണ്. യോഗ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ 2024, 25, 26 എന്നീ വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു. ഈ വർഷത്തിൽ 2 പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.










