തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 23.02.2026 മുതൽ 04.03.2026 വരെയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. മാർച്ച് മൂന്നിനാണ് പൊങ്കാല. ആറ്റുകാൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് ആറ്റുകാൽ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ 2026 മാർച്ച് 03 (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഇനി വെറും 16 ദിവസം: വാർഷിക പരീക്ഷകൾ തുടങ്ങുന്നു
തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത് ഇനി വെറും രണ്ടാഴ്ച സമയം. പരീക്ഷകൾ ആരംഭിക്കാൻ ഇനി 16 ദിവസം മാത്രമാണ് ഉള്ളത്. പാഠഭാഗങ്ങൾ മുഴുവനും പഠിപ്പിച്ചു എടുക്കാനുള്ള അവസാന ശ്രമത്തിലാണ് എല്ലാ സ്കൂളുകളിലും നടക്കുന്നത്. മാർച്ച് 5 മുതൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ആരംഭിക്കുകയാണ്. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6മുതൽ ആരംഭിക്കും. ഹൈസ്കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയും നടക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാതെ വേറിട്ട് പ്രവർത്തിക്കുന്ന എൽപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
10, 12 ക്ലാസ് പൊതു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 9-ാം ക്ലാസ് പരീക്ഷ പരമാവധി ഒഴിവാക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9-ാം ക്ലാസ് വിദ്യാർഥികളായതിനാലാണിത്.











