തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദക്ഷിണമേഖല ഫയൽ അദാലത്തിന്റെ ആദ്യഘട്ടം തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്നു. മന്ത്രി വി.ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്തിൽ ആകെ 362 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 43 അപേക്ഷകൾക്ക് ഉടനടി പരിഹാരം കാണാൻ സാധിച്ചു. 123 അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും ബാക്കിയുള്ള 196 അപേക്ഷകൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ മറ്റു മേഖലകളിലെ അദാലത്തുകളും വരും ദിവസങ്ങളിൽ നടക്കും. മധ്യമേഖല ഫയൽ അദാലത്ത് ഈ മാസം 27-ന് എറണാകുളത്ത് വെച്ചും, ഉത്തരമേഖല ഫയൽ അദാലത്ത് 29-ന് കോഴിക്കോട് വെച്ചും നടത്തുന്നതാണ്.
ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻവർ സാദത്ത്, എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടർ സുഫിയാൻ അഹമദ് ഐ.എ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







.jpg)


