മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ. പൊന്നാനി,തിരൂര്‍ സ്വ ദേശികള്‍ ഉള്‍പ്പെടെയുള്ള 10 പേരാണ് അറസ്റ്റിലായത്. തമിഴ് നാട്ടിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രത്തിൽ നിന്നടക്കം
ഒരു ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെത്തി. 75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ വാങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വില്പന നടത്തിയിരുന്നത്.
ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ സാമഗ്രികളും വ്യാജസീലുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

തമിഴ്നാട് പൊള്ളാച്ചിയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രത്തിന്റെ മുഖ്യ സൂത്രധാരനും മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശിയുമായ ഡാനി എന്ന ധനീഷ്(37),പൊന്നാനി പോത്തനൂര്‍ സ്വദേശി മൂച്ചിക്കല്‍ ഇര്‍ഷാദ്(39)തിരൂര്‍ പുറത്തൂര്‍ സ്വദേശി നമ്പ്യാരത്ത് വീട്ടില്‍ രാഹുല്‍(30),തിരൂര്‍ പയ്യാരങ്ങാടി ചാലുപറമ്പില്‍ നിസാര്‍(31)തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജസീം മല്‍സിലില്‍ ജസീം(38)ജസീമിന്റെ ഭാര്യ സഹോദരന്‍ ഷെഫീക്ക്(40)സുഹൃത്ത് രതീഷ്(38),തമിഴ്നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദീന്‍(40), അരവിന്ദ്(24), വെങ്കിടേഷ്(24) എന്നിവരെയാണ് പൊന്നാനി സിഐ എസ് അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്.










