തിരുവനന്തപുരം:ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് വീണ്ടും അവസരം. കായിക താരങ്ങൾക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന്റാണിത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ബിഎസ്എഫിന് കീഴിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിൽ ആകെ ഒഴിവുകൾ 391 ഒഴിവുകളാണ് ഉള്ളത്. (പുരുഷൻ:197, സ്ത്രീ: 194).
അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ആർച്ചറി, ഫുട്‌ബോൾ, ഹോക്കി, റസ്ലിങ്, സ്വിമ്മിങ്, ഷൂട്ടിങ് തുടങ്ങി 29ഓളം കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (CPC) ലെവൽ-3 പ്രകാരം 21,700 രൂപ മുതൽ 69,100 രൂപ വരെയുള്ള അടിസ്ഥാന ശമ്പളം ലഭിക്കും. ഇതോടൊപ്പം കേന്ദ്ര സേനകളിൽ അനുവദിക്കുന്ന അലവൻസ്, ഇൻഷുറൻസ്, മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ സ്പോർട്സ് യോഗ്യതയായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അംഗീകൃത ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡൽ നേട്ടം ഉണ്ടാവണം. ഫിസിക്കൽ ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. പുരുഷന്മാർക്ക് ഉയരം 170 സെ.മീ., വെയ്റ്റ് 50 കിലോ, നെഞ്ചളവ് 80-85 സെ.മീ.സ്ത്രീകൾക്ക് ഉയരം 157 സെ.മീ., വെയ്റ്റ് 46 കിലോ. മെഡിക്കൽ ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും.
അപേക്ഷ https://rectt.bsf.gov.in/ വഴി നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി: നവംബർ 4 ആണ്.