തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ 15ന് വിജ്ഞാപനം ഇറക്കും. ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപറേറ്റീവ് ഇൻസ്പെക്ടർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ തുടങ്ങി 23 തസ്തികളിലെ നിയമനത്തിനാണ് വിജ്ഞാപനം വരുന്നത്. രണ്ട് കാറ്റഗറികളിലായാണ് വിജ്ഞാപനം. 5 വർഷത്തെ ഇടവേളക്ക് ശേഷമാണ് പി.എസ്.സി കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.
ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്ഘട്ടമായുള്ള പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. രണ്ട് കാറ്റഗറികളിലും വെവ്വേറെ റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുക. പ്രാഥമിക പരീക്ഷ 2026 ഏപ്രിൽ-മേയ് മാസങ്ങളിലായി നടക്കും. തീയതി പിന്നീട് അറിയിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 ആണ്. ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്2/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലാർക്ക് തസ്തികകളാണ് കാറ്റഗറി ഒന്നിലുള്ളത്. ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവിടങ്ങളിലേക്ക് കാറ്റഗറി ഒന്നിൽനിന്നാണ് നിയമനം നടക്കുക. വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ്2 എന്നീ തസ്തികകളിലേക്കാണ് കാറ്റഗറി2 വഴി നിയമനം ലഭിക്കുക. കെ.എസ്.ആർ.ടി.സി, ഫാമിങ് കോർപറേഷൻ, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, എസ്.സി/എസ്.ടി വികസന കോർപറേഷൻ, സിഡ്കോ, യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, വിവിന ക്ഷേമനിധി ബോർഡുകൾ എന്നിവയാണ് കാറ്റഗറി 2ലെ സ്ഥാപനങ്ങൾ.