തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകൾക്ക് മാത്രം ബാധകമാക്കി സർക്കാർ ഇറക്കിയ ഉത്തരവ് സാമൂഹ്യ നീതിയുടെ നിഷേധമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. സുപ്രീം കോടതി വിധി പറഞ്ഞ കേസ് എൻഎസ്എസ് മാനേജ്മെന്റ് നൽകിയതാണ് എന്നതാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതിന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങൾ നേരിടുന്ന മറ്റു സ്കൂളുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ആ ഉത്തരവിലുണ്ടായിട്ടും സർക്കാർ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത് ദുരൂഹമാണ്.
ഭിന്നശേഷിയുടെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഏയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസ്സമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു ഇതുവരെ സർക്കാർ പറഞ്ഞിരുന്നത്. ഈ അനിശ്ചിതാവസ്ഥ സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇത്തരത്തിൽ, ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകൾ ക്രമപ്പെടുത്താം എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും സർക്കാർ എൻഎസ്എസ്സിന് മാത്രമായി ഉത്തരവ് ഇറക്കിയത് നീതിന്യായ വ്യവസ്ഥയോടും നിയമനം ലഭിക്കാത്ത അധ്യാപകരോടുമുള്ള വെല്ലുവിളിയാണ്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, പുതിയതായി നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും നീതി ഉറപ്പാകുന്നതുവരെ അവരോടൊപ്പം സമര മുഖത്ത് നിലയുറപ്പിക്കുമെന്നും എ എച്ച് എസ് ടി എ സംസ്ഥാന സമിതി അറിയിച്ചു.
പ്രസിഡണ്ട് ആർ. അരുൺകുമാർ , ജനറൽ സെക്രട്ടറി എസ്.മനോജ്,വൈസ് പ്രസിഡണ്ട് മനോജ് ജോസ്, സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് ,ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്,ട്രഷറർ ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രദീപ് കറ്റോട്, കെ.ഷാം, കെ.സുബൈർ, ഡോ. എ.സി. പ്രവീൺ, ഷറീന ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്ട്രേഷൻ 23വരെ മാത്രം
തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിദ്യയിലും പ്രായോഗിക...