തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക് കാൽക്കുലേറ്റർ അനുവദിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ തയാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. അന്തിമ തീരുമാനം വന്നാൽ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബേസിക് കാൽക്കുലേറ്റർ ഉപയോഗിച്ച് പരീക്ഷ എഴുതാം.
12-ാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയിൽ ബേസിക് കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലാണ് അഭിപ്രായം ഉയർന്നത്. പിന്നീട് പത്താം ക്ലാസ് കൂടി പരിഗണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളുടെ ബോർഡ് പരീക്ഷകളിൽ കാൽക്കുലേറ്റർ അനുവദിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. കാൽക്കുലേറ്റർ അനുവദിക്കുന്നത് വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായമുയർന്നു. ആവശ്യമുള്ള വിഷയങ്ങൾക്കെല്ലാം കാൽക്കുലേറ്റർ അനുവദിക്കുന്നതാണു പരിഗണനയിലുള്ളത്.