തിരുവനന്തപുരം: മാർച്ച് 3മുതൽ ആരംഭിക്കുന്ന ഹയർസെക്കന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഹാജർ ഇളവിന് അർഹതയുള്ളവർക്ക് അനുമതി നൽകാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹയർസെക്കന്ററി പരീക്ഷ മാന്വൽ പ്രകാരം ഹാജർ ഇളവിന് അർഹതയുള്ളതും പരീക്ഷയ്ക്ക് മുമ്പ് അപേക്ഷകൾ പരീക്ഷ വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുള്ളതും ഉത്തരവ് ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികളെ താൽക്കാലികമായി പരീക്ഷ എഴുതിക്കാനുള്ള അനുമതിയാണ്താ നൽകുന്നത്. ഇതിനായി വിദ്യാർത്ഥി സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹാജർ കുറവുള്ളവർക്ക് പരീക്ഷ എഴുതാം. ഹാജർ ഇളവിന്റെ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഈ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയുള്ളൂ. താഴെക്കാണുന്ന രീതിയിലാണ് വിദ്യാർത്ഥി സത്യവാങ്മൂലം നൽകേണ്ടത്.
സത്യവാങ്മൂലത്തിൻറെ മാതൃക
“ഹാജരിളവിനുള്ള ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന വിവരം പ്രിൻസിപ്പൽ എന്നെ അറിയിച്ചിട്ടുള്ളതും ആയത് എനിക്ക് സമ്മതവുമാണ്”.
ഈ സാക്ഷ്യപത്രം പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി പരീക്ഷാ വിഭാഗം ജോയിൻ്റ് ഡയറക്ടർക്ക് അടിയന്തിരമായി ലഭ്യമാക്കണം എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.