തിരുവനന്തപുരം: 2025ലെ NEET-UG പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച് ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ സമയം 3.2 മണിക്കൂറാണ്. ആകെ 200 ചോദ്യങ്ങളുണ്ടാകും. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ (നെഗറ്റീവ്) ഒരു മാർക്കും കുറയും.
2025ലെ നീറ്റ് യുജി പരീക്ഷ പേന, പേപ്പർ അധിഷ്ഠിതമായി നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കണോ എന്ന ആശയക്കുഴപ്പം നിലനിഞ്ഞിരുന്നു. എന്നാൽ ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണ് അവസാനം എൻടിഎ കൈക്കൊണ്ടത്. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് ആശുപത്രികളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി നഴ്സിങ് കോഴ്സുകൾക്കും ഉള്ള പ്രവേശന പരീക്ഷയാണ്. നീറ്റ് പരീക്ഷയ്ക്ക് ആധാർ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം എൻടിഎ നിർദേശം ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് http://nta.ac.in സന്ദർശിക്കുക.