കോഴിക്കോട്:സംസ്ഥാനത്തെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പറുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായി സംശയിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം കോഴിക്കോട് ജില്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പരീക്ഷാ ചോദ്യപേപ്പർ പുറത്തുവിട്ട കേസിലെ ഒന്നാംപ്രതിയായ എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനലുടമ മുഹമ്മദ് ഷുഹൈബിന് ജാമ്യം നൽകരുതെന്നും സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ കേസിൽ ഗൂഢാലോചനയും ഒരുകൂട്ടം പ്രതികളുടെ സഹായവും ഉണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചോദ്യപേപ്പർ ചോർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്നാംപ്രതിയായ മുഹമ്മദ് ഷുഹൈബിന് മാത്രമല്ല പങ്ക്. വിദ്യാഭ്യാസ വകുപ്പിലെ ചിലരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഇത്തരം പ്രവചനങ്ങൾ നടത്തിയത് എന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് ഷുഹൈൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പലതും ഒളിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകരുതെന്നും അന്വേഷണസംഘം കോഴിക്കോട് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെമിസ്ട്രി അധ്യാപകനായ പ്രതിക്ക് എങ്ങനെയാണ് ഇംഗ്ലീഷ് കണക്ക് ചോദ്യപേപ്പറുകൾ കൃത്യമായി പ്രവചിക്കാൻ കഴിയുക എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എം എസ് സൊല്യൂഷൻ ഇത്തരത്തിൽ പുറത്തു വിട്ട ചോദ്യങ്ങളിൽ നിന്ന് ഓരോ വിദ്യാർത്ഥിക്കും എളുപ്പത്തിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാം. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ചോദ്യപേപ്പറുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തി കൊടുക്കുന്ന ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട് എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ കിട്ടണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.