മലപ്പുറം:ഈ വർഷത്തെ ആര്യവൈദ്യൻ പി. മാധവ വാരിയർ സ്‌മാരക സ്വർണമെഡലിന് ഡോ.എൻ.കെ.പ്രിയ അർഹയായി. വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ പഞ്ചകർമ്മ വിഭാഗത്തിലാണ് ഡോ.എൻ.കെ.പ്രിയ. സൈനസൈറ്റിസ് രോഗത്തിന് പ്രതിവിധിയായി നാസൽ സ്പ്രേ ഉപയോഗത്തിൻ്റെ സാധ്യതകളെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് ഗോൾഡ് മെഡൽ ലഭിച്ചത്. ഇതേ കോളജിലെത്തന്നെ പി.ജി. വിദ്യാർത്ഥിനിയായ ഡോ.സി.നൈഷ (സ്വസ്ഥ വൃത്ത വിഭാഗം) പ്രോത്സാഹന സമ്മാനത്തിന് അർഹയായി. ശ്വാസകോശരോഗങ്ങളിൽ ദശ മൂലം ചേർന്നുള്ള മരുന്നുകഞ്ഞിയുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് സമ്മാനം ലഭിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആദ്യത്തെ മാനേജിങ് ട്രസ്റ്റിയായിരുന്ന ആര്യവൈദ്യൻ പി. മാധവവാരിയരുടെ സ്‌മരണയ്ക്കായി 2009 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. അഖിലകേരളാടിസ്ഥാനത്തിൽ ആയുർവേദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കാ യുള്ള പ്രബന്ധാവതരണമത്സരം നടത്തിയാണ് ജേതാവിനെ കണ്ടെത്തുന്നത്. വിവിധ ആയുർവേദ കോളേജുകളിൽ നിന്നായി 21 പേർ മത്സരത്തിൽ പങ്കെടുത്തു.
ഡോ. സുധാകർ റെഡ്ഡി (പ്രൊഫസർ, സ്വസ്ഥവൃത്ത വിഭാഗം, മൈസൂർ ജെ. എസ്. എസ്. ആയുർവേദ കോളേജ്), ഡോ. ആർ. വി. അജിത് (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ – ഐ. എസ്. എം., കോട്ടയം), ഡോ. പി. വൈ. ജോൺ (റിട്ട. സീനിയർ ഡ്രഗ് ഇൻസ്പെക്ടർ), ഡോ. കെ. എം. മൻസൂർ (റിട്ട. ഡി. എം. ഒ – ഐ. എസ്. എം., കോഴിക്കോട്), ശ്രീ. ഹരിനാരായണൻ (സയന്റിസ്റ്റ്, ഔഷധസസ്യ ഗവേഷണകേന്ദ്രം, ആര്യവൈദ്യശാല, കോട്ടയ്ക്കൽ) എന്നിവർ വിധികർത്താക്ക ളായിരുന്നു.
ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയർ വിധികർത്താക്കളെ ആദരിച്ചു. മത്സരത്തിന്റെ നിയമാ വലികളെക്കുറിച്ച് ചീഫ് എഡിറ്റർ (പബ്ലിക്കേഷൻസ്) പ്രൊഫ. കെ. മുരളി വിശദീകരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാജഗോപാലൻ കൃതജ്ഞത പ്രകാശിപ്പിച്ചു. 2024 നവംബർ 10ന് കോട്ടയ്ക്കലിൽ നടക്കുന്ന ആയുർവേദ സെമിനാറിൽ പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിക്കും.