തിരുവനന്തപുരം:സംസ്ഥാനത്ത് 5മുതല്‍ 10 വരെ ക്ലാസ്സുകള്‍ നിലവിലുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ വി.ആര്‍.സുനില്‍ കുമാര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.
ഖാദർ കമ്മിറ്റിയുടെ ശുപാർശയുടെ കീഴിൽ പ്രത്യേക ചട്ടങ്ങൾ നിലവിൽ വരുമ്പോൾ കായികാധ്യാപക തസ്തിക ഉൾപ്പെടെയുള്ള തസ്തികകൾ പുനർ നിർണയം നടത്തേണ്ടതായിട്ടുണ്ട്. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ 5 മുതല്‍ 10 വരെയുള്ള മുഴുവന്‍ സ്കൂളുകളിലും കായികാദ്ധ്യാപക തസ്തിക അനുവദിക്കുന്ന വിഷയത്തിലും നടപടി സ്വീകരിക്കാൻ കഴിയുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഖാദർ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഏകീകരണം നടന്നുവരികയാണ്. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വകുപ്പിനായി ഏകീകൃത പ്രത്യേക ചട്ടങ്ങൾക്ക് (Special Rules) രൂപം നൽകി വരികയുമാണ്.
സംസ്ഥാനത്തെ സ്കൂളുകളില്‍ കായികാദ്ധ്യാപക തസതിക അനുവദിക്കുന്നതിന് നിലവില്‍ കെ.ഇ.ആര്‍ പ്രകാരമുള്ള വ്യവസ്ഥകളാണ് പാലിക്കുന്നത്. കെ.ഇ.ആര്‍ അദ്ധ്യായം XXIII ചട്ടം 6 (4) പ്രകാരം ഹൈസ്കൂളിലും ചട്ടം 6 B (2) (a) പ്രകാരം പ്രൈമറിയിലും കായികാദ്ധ്യാപക തസ്തികകള്‍ അനുവദിച്ചു നല്‍കുന്നുണ്ട്. ഹൈസ്കൂളില്‍ ഒരു ആഴ്ചയില്‍ 5 പിരീഡെങ്കിലും 8, 9 ക്ലാസ്സുകളിലായി ലഭ്യമാകുന്ന സാഹചര്യത്തിലും, പ്രൈമറിയില്‍ 500 കുട്ടികളുള്ള യു.പി വിഭാഗത്തിലും കായികാദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നു. വര്‍ഷം തോറുമുള്ള തസ്തിക നിര്‍ണ്ണയത്തിനായി 13.12.1986ലെ ഉത്തരവ് പ്രകാരമുള്ള ടൈം ടേബിളാണ് നിലവില്‍ പിന്‍തുടരുന്നത്. അതിന് ശേഷം വന്ന ടൈം ടേബിൾ പ്രകാരം പത്താം തരത്തിലും കായികത്തിനായി പിരീഡ് അനുവദിച്ചുവെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് 10-ാം ക്ലാസിനെ കൂടി പരിഗണിച്ചു കായികാധ്യാപക തസ്തിക അനുവദിക്കുന്ന വിഷയം തത്കാലം മാറ്റിവയ്ക്കുകയുണ്ടായി. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള പാര്‍ട്ട് ടൈം തസ്തികകളില്‍ സമഗ്ര ശിക്ഷയില്‍ നിന്നും കായികാദ്ധ്യാപകരെ നിയമിച്ചുവരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.