തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം പ്രഖ്യാപിച്ചു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. റഗുലര്‍ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 62,459 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 51,469വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 82.40. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 22,750 പേര്‍ പരീക്ഷ എഴുതുകയും 14285 പേര്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 62.79. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലപ്രഖ്യാപനം നിര്‍വഹിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും. ബിരുദ റഗുലര്‍ വിദൂരവിഭാഗം കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയാണ് നടന്നത്.
ഓരോ വിഭാഗത്തിലെയും വിജയശതമാനം താഴെ ഗുലര്‍ ബിഎ- 84, ബികോം- 87, ബി.ബി.എ.-75, ബി.സി.എ.-75, ബി.എസ് സി.- 78, ബി.എസ്.ഡബ്ല്യു.-84, അഫ്‌സല്‍ ഉല്‍ ഉലമ-95. വിദൂരവിഭാഗം
🔵ബി.കോം.- 58.97, ബി.ബി.എ.- 37.96, ബി.എ.- 66.48, ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ- 75.87.
428 പരീക്ഷാകേന്ദ്രങ്ങളിലായി 85,209 വിദ്യാര്‍ഥികള്‍ എഴുതിയ 4,30,182 ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പ് മുഖേനയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിച്ചത്. 22 കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ 148 ക്യാമ്പുകളിലായി മെയ് രണ്ടു മുതല്‍ ഏഴു വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി. അനുബന്ധജോലികള്‍ പരീക്ഷാഭവനിലെ ജീവനക്കാര്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു. പൊതു തിരഞ്ഞെടുപ്പിന്റെ ക്ലാസ്, മൈക്രോ ഒബ്‌സെര്‍വര്‍ ജോലി, തിരെഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്കിടയിലും പരീക്ഷാജോലികള്‍ ചെയ്ത ജീവനക്കാരെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി എന്നിവര്‍ പ്രത്യേകം അനുമോദിച്ചു.
ചടങ്ങില്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങeളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, സെനറ്റംഗം വി.എസ്. നിഖില്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, ജോ. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022 അധ്യയന വര്‍ഷം മുതല്‍ ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ നടത്തുകയും അതിവേഗം പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ബി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ സെഷനില്‍ (04/2022) ആണ് ആദ്യമായി ബാര്‍കോഡ് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പരീക്ഷ, മൂല്യനിര്‍ണയം എന്നിവ നടത്തുകയും ഫലപ്രഖ്യാപനം അതിവേഗത്തില്‍ പ്രഖ്യാപിക്കുവാനും കുട്ടികള്‍ക്ക് ഗ്രേഡ് കാര്‍ഡ് 10 ദിവസം കൊണ്ട് ലഭ്യമാക്കുവാനും സാധിച്ചു. രണ്ടാം ഘട്ടമായി എല്‍.എല്‍.ബി.യിലും മറ്റു പ്രൊഫഷണല്‍ പ്രോഗ്രാമുകളിലും മൂന്നാം ഘട്ടമായി അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ് സി. / എം.കോം. എന്നീ പ്രോഗ്രാമുകളിലും നടപ്പിലാക്കി. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനം (CEAM) ഉപയോഗിച്ച് കൊണ്ട് പത്തു മുതല്‍ പതിനാലു ദിവസം (പ്രവൃത്തി ദിവസം) കൊണ്ട് ഈ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുവാനും സാധിച്ചു. നാലാം ഘട്ടമായി അഞ്ചാം സെമെസ്റ്റര്‍ ബിരുദതത്തിലും (11/2023) നടപ്പിലാക്കി. നിലവില്‍ അപൂര്‍വം ചില കോഴ്‌സുകള്‍ ഒഴികെ മറ്റെല്ലാത്തിന്റെയും പരീക്ഷാനടത്തിപ്പ് ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ്.