തിരുവനന്തപുരം:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി പരീക്ഷക്ക് 14 വിദേശ രാജ്യങ്ങളിലടക്കം പരീക്ഷ എഴുതാം. പരീക്ഷയ്ക്കായി ഇന്ത്യയ്ക്ക് പുറമെ 14 വിദേശ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ, കുവൈറ്റ് സിറ്റി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, മനാമ, മസ്കത്ത്, റിയാദ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. ഇന്ത്യയിൽ ആകെ 554 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഇന്ത്യയിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത ശേഷം വിദേശത്ത് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്രം തിരുത്താൻ അവസരം ഉണ്ടാകും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.സി (എച്ച്) നഴ്സിങ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പ്രവേശന പരീക്ഷയാണ് നീറ്റ്- യുജി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 ആണ്. പരീക്ഷയുടെ ഫലം ജൂൺ 14നാണ് പ്രഖ്യാപിക്കുക.
രാജ്യത്തിനു പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലെന്ന വിവരം ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് വിദേശ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചത്.