തിരുവനന്തപുരം:പ്രധാന അധ്യാപകരെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് രേഖകളുമായി വിളിച്ചുവരുത്തി പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലെ ഇന്‍സപെക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ളവ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ട് വിസിറ്റിങ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ചട്ട വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിവിധ സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സൂപ്പര്‍ ചെക്ക് സെല്‍ വിഭാഗം നടത്തിയ പരിശോധനകളിൽ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ കസേരയിലിരുന്നുള്ള റിപ്പോര്‍ട്ട് തയ്യാറാക്കല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്. സ്‌കൂളില്‍ സൂപ്പര്‍ ചെക്ക് സെല്‍ പരിശോധനക്കെത്തിയപ്പോള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ട ഇന്‍സ്പക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ പലതും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കൈവശമാണെന്ന വിവരമാണ് ലഭിച്ചത്.
ഇതുമൂലം സൂപ്പര്‍ചെക്ക് സെല്ലിന്റെ പരിശോധന അവതാളത്തിലായി. വിദ്യാഭ്യാസ ഓഫീസുകളിലേക്ക് വിളിച്ചു വരുത്തിയ രേഖകള്‍ സമയബന്ധിതമായി തിരികെ സ്‌കൂളുകളില്‍ എത്തുന്നില്ലെന്നും സൂപ്പര്‍ ചെക്ക് സെല്‍ പരിശോധനകളില്‍ വെളിവായിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓരോ വിദ്യാലയ വര്‍ഷത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും സന്ദര്‍ശനം നടത്തി സമഗ്രമായ പരിശോധനയും അതിന് പൂറമെ ഓരോ വിദ്യാലയ വര്‍ഷത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ആകസ്മിക സന്ദര്‍ശനവും നടത്തണമെന്നാണ് ചട്ടം. ഇതിനു ന്യായീകരിക്കത്തക്കതല്ല. ആയതിനാല്‍, ഇത്തരം ചട്ട വിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ട എല്ലാ രേഖകളും ഏത് സമയത്തും ലഭ്യമാകത്തക്ക തരത്തില്‍ പ്രധാനാധ്യാപകന്റെ പക്കല്‍ സുരക്ഷിതമായി വെക്കേണ്ടതും വിദ്യാഭ്യാസ അധികാരികള്‍ സന്ദര്‍ശനം/ആകസ്മിക സന്ദര്‍ശനം നടത്തുന്ന വേളയില്‍ അധികാരികള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതുമാണ്. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്ക് എതിരെ ചട്ട പ്രകാരം കര്‍ശന അച്ചടക്ക നടപടികള്‍ അതാതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍/ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.