തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരള സ്‌കൂൾ കലോത്സവം2024 ജനുവരി 4 മുതൽ 8 വരെ തീയതികളിലായി കൊല്ലത്ത് നടക്കും. 24 വേദികളിലായി നടത്തുന്ന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ മത്സരാർത്ഥികൾക്കും ആയിരം രൂപ നിരക്കിൽ സാംസ്‌ക്കാരിക സ്‌കോളർഷിപ്പ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 14 വർഷങ്ങൾക്ക് ശേഷമാണ് കേരള സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. ഇതിന് പുറമേ ദിശ എക്‌സിബിഷൻ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിനൊപ്പം നടത്തുന്നു. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദിയായി തെരഞ്ഞെടുത്തിട്ടുള്ളത്. കലോത്സവത്തിൽ പന്ത്രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ മൂന്ന് തലങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.
പതിനേഴര പവന്റെ സ്വർണ്ണകപ്പ്
🔵പ്രശസ്ത ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത നൂറ്റി പതിനേഴര പവന്റെ സ്വർണ്ണകപ്പ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകും.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്
21 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘ രൂപീകരണം 2023 ഒക്‌ടോബർ 26 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഈ വർഷവും മേളകൾ നടത്തുന്നത്.