തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സംഘർഷ ദിനങ്ങൾ. ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേള സംഘടിപ്പിക്കാനുള്ള തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കായികമേളയിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. നിപ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9 ലേക്ക് മാറ്റിയപ്പോൾ കായികമേള മാറ്റി വെക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒക്ടോബർ എട്ടു മുതൽ 10 വരെ കാര്യവട്ടം എൽ.എൻ.സി.പി.ഇ.ഗ്രൗണ്ടിലാണ് കായികമേള നടത്തുന്നത്. പന്ത്രണ്ടു ഉപജില്ലകളിലും സ്പോർട്സ് സ്കൂളുകളിലും നിന്ന് സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 5000ത്തിൽ പരം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. തുടർന്ന് 16മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം സീനിയർ മൈതാനിയിലെ സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാന കായികമത്സരം . അതിനുമുമ്പ് ജില്ലാ മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
പതിനഞ്ചാം തിയതിക്കെങ്കിലും തൃശ്ശൂരിൽ എത്തേണ്ട സാഹചര്യത്തിലാണ് മത്സരം മാറ്റാത്തതെന്നാണ് സംഘാടകരുടെ വാദം. സംസ്ഥാന മെഡലിന് സാധ്യതയുള്ള കായിക താരത്തിന് ലഭിക്കേണ്ട ഗ്രേസ് മാർക്ക് നഷ്ടപ്പെടും മത്സരം ഉപേക്ഷിച്ചാലെന്ന വൈതരണിയിലാണിപ്പോൾ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും കായിക അധ്യാപകരും. സംസ്ഥാനത്തെ ആയിരക്കണക്കിന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ഉചിത തീരുമാനമെടുക്കണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.