എറണാകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ Skill share 23 ൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി ടൂറിസം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഉത്തരവാദിത്വ ടൂറിസം പ്രൊജക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന നൈപുണികൾ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുകയും അതുവഴി പഠനം കൂടുതൽ അർത്ഥ പൂർണ്ണമാക്കുന്നതിനുവേണ്ടിയാണു Skill share 23 സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രൊജക്ട് പ്രസന്റേഷനും ഏറ്റവും മികച്ച പ്രൊജക്ടിനെ
തെരഞ്ഞെടുക്കലും നടന്നു.
മുപ്പത്തിയെട്ട് വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു. അതിൽ അൻപതിനായിരം രൂപ പദ്ധതിയുടെ നടത്തിപ്പിനായി സ്കൂളിന് ലഭിക്കും. മുഹമ്മദ് അസ്ലം കെ.എഫ്, മെഹറിൻ മജു, മുഹസിന പി.എച്ച്, നസീം ടി. എൻ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ അവതരണം. സെന്റ് ഇഗ്നീഷ്യസ് വി.എച്ച്.എസ്.എസ് കാഞ്ഞിരമറ്റം രണ്ടാം സ്ഥാനവും ജി വി എച്ച് എസ് എസ് നേര്യമംഗലം മൂന്നാം സ്ഥാനവും, എസ്.ഡി പി വൈ ഗേൾസ് വി.എച്ച്.എസ്.എസ് നാലാം സ്ഥാനവും മാർ സ്റ്റീഫൻ വി.എച്ച്.എസ് എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പ്രൊജക്ട് ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടക്കും.