തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞിട്ടും വിവിധ ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. സീറ്റ് ക്ഷാമം ഉള്ള ജില്ലകളിൽ കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും.
മലബാറിൽ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ 8000 ത്തിലധികം വിദ്യാർഥികളാണ് ഇപ്പോഴും പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത്. പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കാറിന് ശുപാർശ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം തീരുമാനമെടുക്കുക. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. നാളെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉള്ള വിജ്ഞാപനം പുറത്തിറങ്ങും എന്നാണ് വിവരം. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്.