SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി. എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ യോഗത്തിലാണ് തീരുമാനം. എയ്ഡഡ് സ്കൂളുകളുടെ അധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകാൻ എന്തൊക്കെ ചെയ്യാൻ ആകുമെന്ന് പരിശോധിക്കും.
ചലഞ്ച് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വിവിധ മാനേജ്മെന്റുകളുടെ പ്രതിനിധികളെ അറിയിച്ചു. സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മാനേജ്മെന്റുകളുടെ നിവേദനവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസിന് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മാനേജ്മെന്റ്കളുടെ പരാതികളും നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പരിശോധിക്കും. എന്തൊക്കെ നടപടികൾ കൈക്കൊള്ളാൻ ആവുമെന്ന് ഇരുവരും റിപ്പോർട്ട് നൽകും.
ഹയർസെക്കൻഡറിയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നോമിനിയെ നിർദ്ദേശിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി കൈക്കൊള്ളും.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.