SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും മധ്യവേനലവധിക്കാലത്ത് തന്നെ വിതരണം ചെയ്യും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം നാളെ കളമശ്ശേരി ഏലൂർ ജി എച്ച് എസ് എസിലും പാഠപുസ്തകങ്ങളുടെ സംസ്ഥാന തല വിതരണ ഉദ്ഘാടനം ആലപ്പുഴ ലജനത്ത് മുഹമ്മദിയ എച്ച് എസ് എസിലും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജില്ലാതലങ്ങളിൽ 27 മുതൽ പുസ്തകങ്ങളുടെ വിതരണം ആരംഭിക്കും. 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കും അടക്കം ആകെ 9,32,898 കുട്ടികൾക്കാണ് യൂണിഫോം നൽകുന്നത്. ആയതിലേക്ക് 42.5 ലക്ഷം മീറ്റർ തുണിയാണ് ഇതിനായി കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. മൊത്തം 130 കോടി രൂപയാണ് ചെലവ്.
പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഒന്നാണ് പാഠപുസ്തക അച്ചടി, വിതരണം എന്നിവ. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം.
ഇത്തവണ മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള ചരിത്രപരമായ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തിൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. സർക്കാർ/എയിഡഡ് സ്കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്.