SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം കൂടുതൽ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ 34 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ച സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതാത് പ്രദേശത്തെ ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയ്യാറാക്കുന്നതിനും കഴിയുന്നു എന്നതാണ് സ്കൂൾ വെതർ സ്റ്റേഷനുകളുടെ നിർമ്മാണത്തോടെ സാധ്യമാകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 34 എണ്ണമാണ് ജില്ലയിൽ സ്ഥാപിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ ആധുനിക വൽക്കരിക്കപ്പെടുകയാണെന്നും സാങ്കേതികവും ശാസ്ത്രീയവുമായ വിവിധതരം ഉപകരണങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് ശാസ്ത്രലോകത്തെ അടുത്തറിയാൻ കഴിയുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതുവിദ്യാലയങ്ങളിൽ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. മാറി മാറിവരുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും പൊതുവിദ്യാലയങ്ങളുടെ സമീപ പ്രദേശത്തെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും കാർഷികവൃത്തിക്ക് സഹായകരമാകുന്ന ഇടപെടൽ നടത്തുന്നതിനും വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം എസ്എംവി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രോഗ്രാം ഓഫീസർ എ കെ സുരേഷ് കുമാർ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം വിശദീകരിച്ചു. ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ജവാദ് സ്വാഗതം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.