SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തേഞ്ഞിപ്പലം:സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍ പാലക്കാട് ഗവ.ടെക്‌നിക്കൽ സ്കൂൾ ചമ്പ്യൻമാർ. 103 പോയിന്റോടെയാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ പാലക്കാട് സംസ്ഥാന കിരീടം നേടിയത്. 96 പോയിന്റ് നേടിയ ചിറ്റൂര്‍ ടി.എച്ച്.എസ് രണ്ടാം സ്ഥാനവും 93 പോയിന്റ് നേടിയ കൊടുങ്ങല്ലൂര്‍ ടി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. മേളയില്‍ ആറ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന 38ാമത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളക്ക് ഇതോടെ കൊടിയിറങ്ങി. പുതിയ വേഗവും പുതിയ ഉയരവും പുതിയ ദൂരവും കുറിച്ച് സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളില്‍ നിന്നുമായെത്തിയ കായികതാരങ്ങള്‍ മടങ്ങി. അടുത്ത വര്‍ഷത്തെ മേള നെടുമങ്ങാട് ടി.എച്ച്.എസില്‍ നടക്കും.
ചാമ്പ്യന്‍പട്ടത്തിനായി അവസാന നിമിഷം വരേയും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മേളയില്‍ നിലവിലെ ജേതാക്കളായ കൊടുങ്ങല്ലൂരിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാം സ്ഥാനക്കാരായ പാലക്കാട് ടി.എച്ച്.എസ് കിരീടം ഉയര്‍ത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ടി.എച്ച്.എസും ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ടി.എച്ച്.എസും ചാമ്പ്യന്‍മാരായി. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ തുല്യപോയിന്റ് നേടി പാലക്കാട് ടി.എച്ച്.എസും ഷൊര്‍ണൂര്‍ ടി.എച്ച്.എസും ചാമ്പ്യന്‍പട്ടം പങ്കിട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ കൊടുങ്ങല്ലൂര്‍ ടി.എച്ച്.എസും ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ടി.എച്ച്.എസും ജേതാക്കളായി. മേളയില്‍ ആറ് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ടി.എച്ച്.എസിലെ അല്‍ഷമല്‍ ഹുസൈന്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കാസര്‍കോട് മൊഗ്രാള്‍ പുത്തൂര്‍ ടി.എച്ച്.എസിലെ ആര്‍ ലിജിത്, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ എസ് ആദര്‍ശ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 400മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ എസ് നഹ്‌ല, സീനിയര്‍ ആണ്‍കുട്ടികളുടെ 400മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ എം.ഐ അല്‍ഷമല്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 200മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് ടി.എച്ച്.എസിലെ എസ് ആദര്‍ശ് എന്നിവരാണ് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ കുറിച്ച കായിക പ്രതിഭകള്‍. രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ കുറിച്ച പാലക്കാടിന്റെ എം.ഐ അല്‍ഷമല്‍ മിന്നുംതാരമായി. സമാപന സമ്മേളനത്തില്‍ കോഴിക്കോട് ആര്‍.ഡി.ടി.ഇ ജോയിന്റ് ഡയറക്ടര്‍ കെ.എം രമേഷ് സമ്മാനദാനം നിര്‍വ്വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.ടി.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ എ സുല്‍ഫിക്കര്‍, കോക്കൂര്‍ ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രന്‍, കുറ്റിപ്പുറം ടി.എച്ച്.എസ് സൂപ്രണ്ട് പി ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.