SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റേയും കേരളനിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും. പൊതുജനങ്ങൾക്കും നിയമസഭാ മന്ദിരത്തിൽ പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ നടക്കും. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്നു കൊണ്ട് വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്.
പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. പുസ്തകോത്സവ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ നിയമസഭ അങ്കണത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനാകും. പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ , മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, തോമസ് കെ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നിയമസഭാ സെക്രട്ടറി എ എം ബഷീർ കൃതജ്ഞത രേഖപ്പെടുത്തും.