JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വായന ഒരു
പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. തളിര് സ്‌കോളര്‍ഷിപ്പ് 2021-2022 ജൂനിയര്‍ വിഭാഗത്തില്‍ ആദില്‍ ടി (കണ്ണൂര്‍ മുഴുപ്പിലങ്ങാട് സൗത്ത് യു.പി സ്‌കൂള്‍-ആറാം ക്ലാസ്), ഹൃദി പി നാരായണന്‍ (ആലപ്പു പുന്നപ്ര ഗവ. യു.പി.എസ്- ഏഴാം ക്ലാസ്), മാര്‍ത്ത മേരി ചാക്കോ (തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍- അഞ്ചാം ക്ലാസ്)യും സീനിയര്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് കൃഷ്ണ കെ (പാലക്കാട് ചാലിശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ – പത്താം ക്ലാസ്), അപര്‍ണ്ണ പി.കെ (കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-ഒന്‍പതാം ക്ലാസ്),
അമല്‍ എ.എം (ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- പത്താം ക്ലാസ്) എന്നിവര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടി. 10,000, 5,000, 3,000 രൂപ വീതമാണ് ആദ്യ മൂന്ന് റാങ്കുകാര്‍ക്കുള്ള സംസ്ഥാനതല സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 2500ഓളം പേര്‍ക്കു ജില്ലാതല സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കനറാ ബാങ്കിന്റെ സഹായത്തോടെയാണു തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളര്‍ഷിപ്പ് 2022-2023ന്റെ രജിസ്ട്രേഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണന്‍, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍, ഡി.ഇ.ഒ ആര്‍.എസ്. സുരേഷ്ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ എ. വിന്‍സെന്റ്, അഡീഷണല്‍ എച്ച്.എം വി. രാജേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് ഇ.ആര്‍. ഫാമില തുടങ്ങിയവര്‍ പങ്കെടുത്തു.