editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു

Published on : June 10 - 2022 | 2:24 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യം വച്ചു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ 25 കോളജുകളിൽ നടപ്പാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏകീകൃത സ്വഭാവത്തോടെയുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി കൃത്യമായ ലക്ഷ്യത്തോടെയാകും ടൂറിസം ക്ലബുകളുടെ പ്രവർത്തനമെന്നു മന്ത്രി പറഞ്ഞു. കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ രൂപീകരിക്കുകയും അവയെ ടൂറിസം ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിച്ച് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണു പദ്ധതി. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമാണു ക്ലബുകളുടെ പ്രധാന ചുമതല.

ടൂറിസം രംഗത്തു പ്രൊഫഷണലുകളെ വാർത്തെടുക്കുക, പുതുതലമുറയ്ക്കു വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ടൂറിസം ട്രെൻഡുകൾ പരിചയപ്പെടുത്തുക, വിനോദസഞ്ചാര താത്പര്യം വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന 25 കോളജുകൾക്ക് 25 ടൂറിസം ഡെസ്റ്റിനേഷനുകൾ നിശ്ചയിച്ചു നൽകും. ഇവിടുത്തെ ശുചിത്വ പരിപാലനമടക്കമുള്ളവയ്ക്കു മേൽനോട്ടം വഹിക്കേണ്ടതു ടൂറിസം ക്ലബുകളാണ്. നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങൾ പ്രദേശം സന്ദർശിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ടൂറിസം പ്രചാരണം, ടൂറിസം രംഗത്തു മുന്നേറ്റമുണ്ടാക്കുന്ന മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ ക്ലബുകൾ മുഖേന നടപ്പാക്കും. ക്ലബുകളുടെ പ്രവർത്തനങ്ങൾക്കു പ്രത്യേക കലണ്ടർ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ടൂറിസം മേഖലയിൽ പാർട്ട് ടൈം ജോലി കണ്ടെത്താൻ ക്ലബുകൾ സഹായിക്കും. ഇതരഭാഷാ നൈപുണ്യമുള്ള വിദ്യാർഥികൾക്കു ടൂറിസം ഗൈഡ്പോലുള്ള ജോലികൾ നിർവഹിക്കാനാകും. പദ്ധതിക്കായി ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓരോ ക്ലബുകൾക്കും ഇതിൽനിന്നു ഫണ്ട് ലഭ്യമാക്കും. ക്ലബ് അംഗങ്ങൾക്കു ടൂറിസം വകുപ്പ് പ്രത്യേക സർട്ടിഫിക്കറ്റും യൂണിഫോമും നൽകുന്നതും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബുകൾക്കു പുരസ്‌കാരങ്ങൾ നൽകുന്നതും ആലോചിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ഏൺ വൈൽ യൂ ലേൺ’ പദ്ധതിയിൽപ്പെടുത്തി ടൂറിസം ക്ലബുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്യാനാകുമെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കേരളത്തിന്റെ ടൂറിസം വികസന രംഗത്തു മികച്ച പിന്തുണ നൽകാൻ ടൂറിസം ക്ലബുകൾക്കു കഴിയും. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയ്ക്കുള്ള പ്രസക്തി മനസിലാക്കി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്താൻ ഈ ക്ലബുകളെ ഉപയോഗിക്കാനാകും. യുവജനങ്ങളുടെ പാരിസ്ഥിതിക വിഷയങ്ങളിലെ താത്പര്യവും ടൂറിസം പോലെ വളരുന്ന മേഖലയിലെ താത്പര്യവും പരിപോഷിപ്പിക്കാൻ പദ്ധതിക്കു കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0 Comments

Related News