JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: ഇന്ത്യൻ സർവകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷാദം ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ കണക്കിലെടുത്ത് യു.ജി.സിയുടെ പുതിയ പരിഹാര പദ്ധതി. എല്ലാ കോളേജുകളിലും സ്റ്റുഡന്‍സ് സര്‍വീസ് സെന്റര്‍ രൂപവത്കരിച്ച് സൈക്കോളജി കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുന്നതിനായാണ് യു.ജി.സി. തയാറെടുപ്പുകൾ നടത്തുന്നത്. ഊര്‍ജസ്വലമായ കലാലയ ജീവിതവും കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ഉറപ്പാക്കുക, മാനസിക സമ്മർദ്ദം, വൈകാരിക ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വ്യത്യസ്ത ചുറ്റുപാടില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളിൽ കൗണ്‍സിലിങ് വേണ്ടവർക്ക് അതു നൽകി മുഴുവൻ വിദ്യാർത്ഥികളുടെയും മാനസികാരോഗ്യം ഉറപ്പാക്കാനാണ് ഓരോ സ്ഥാപനങ്ങളിലും കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത്. ഒപ്പം ശാരീരികാരോഗ്യം, കായിക മേഖല എന്നിവയില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ പ്രാപ്തരാക്കാന്‍ പ്രചോദനവും നല്‍കും.

പ്രവേശനം നേടിയ ഓരോ വിദ്യാര്‍ത്ഥിയില്‍നിന്നും കായിക ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് കായിക പ്രവര്‍ത്തനങ്ങളിലോ കായികസൗകര്യം വിനിയോഗിക്കുന്നത്. പഠനത്തിനൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് ട്രെയിനിങ്, പഠനയാത്രകള്‍, സമ്മര്‍ ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയിലൂടെ സമൂഹിക ഇടപെടലുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തും. വനിതകള്‍, ഭിന്നശേഷിക്കാര്‍, എല്‍.ജി.ബി.ടി., പ്രശ്‌നബാധിത ചുറ്റുപാടില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുൻഗണന. മാനസികസംഘര്‍ഷങ്ങളോടൊപ്പം പഠനഭാരം കൂടി താങ്ങാനാകാതെയാണ് പല വിദ്യാര്‍ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കി പിന്തുണ നൽകിയാൽ ഇത് തടയാനാകും. ഫോണ്‍, ഇ-മെയില്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ സഹായം അവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തി സഹായം ലഭ്യമാക്കും.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ അധ്യക്ഷന്‍ എം. ജഗദീഷ് കുമാറിന്റെ വാക്കുകളിങ്ങനെ: \”ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയില്‍ 2021 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സര്‍വകലാശാലകളിലെ 53 ശതമാനം വിദ്യാര്‍ഥികളും അതിവിഷാദരോഗത്തിന് അടിമകളാണ്. 74 ശതമാനം വിദ്യാര്‍ത്ഥികളാകട്ടെ മാനസിക സമ്മര്‍ദ്ദത്തിലും. വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജസ്വലമായ കാമ്പസ് ജീവിതം ഉറപ്പാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. ശാരീരിക ക്ഷമതയും കായികപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാനസികാരോഗ്യം ഉറപ്പാക്കും.\”