JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള പ്രത്യേക ക്വാട്ട വഴിയുള്ള പ്രവേശനം നിർത്തലാക്കി കേന്ദ്രസര്‍ക്കാര്‍. പ്രത്യേക ക്വാട്ടയില്‍ പ്രവേശനം നല്‍കേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് എം.പി. ക്വാട്ട ഒഴിവാക്കി കൊണ്ട് കേന്ദ്രം പുതിയ പ്രവേശന മാര്‍ഗരേഖ പുറത്തിറക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍, ചെറുമക്കള്‍, എം.പി.മാരുടെ ചെറുമക്കള്‍, കേന്ദ്രീയവിദ്യാലയ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍, ചെറുമക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ വിഭാഗങ്ങളില്‍ അനുവദിച്ച 100 സീറ്റുകളും ഒഴിവാക്കി. അനുവദിച്ചതിലധികം സീറ്റുകളിലേക്ക് പ്രവേശനത്തിനായി ചില എം.പി.മാര്‍ ശുപാര്‍ശ ചെയ്തിരുന്നത് ഏറെ വിവാദമായിരുന്നു. എം.പി. ക്വാട്ട 7,880 സീറ്റ് ആയിരിക്കേ, 2018-19 അധ്യയനവര്‍ഷം പ്രവേശനം നേടിയത് 8,164 കുട്ടികളാണ്.
കോവിഡിലൂടെ അനാഥരായ കുട്ടികള്‍ക്ക് പി.എം. കെയര്‍ പദ്ധതി വഴി കേന്ദ്രീയവിദ്യാലയത്തില്‍ സൗജന്യമായി പ്രവേശനവും വിദ്യാഭ്യാസവും ലഭിക്കും. അതത് ജില്ലാ മജിസ്‌ട്രേറ്റുമാരാണ് ഇവരെ നിര്‍ദേശിക്കേണ്ടത്. പത്തുമുതല്‍ 17 വരെ കുട്ടികളെ നിര്‍ദേശിക്കാം. ഒന്നു മുതല്‍ പത്ത് വരെ ഒഴിവുള്ള ക്ലാസുകളിലേക്കാണ് ഇവരെ പരിഗണിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്കായും സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.വീട്ടിലെ ഒറ്റപ്പെണ്‍കുട്ടി, അശോകചക്ര അടക്കമുള്ള ഉന്നത സൈനികബഹുമതികളും പോലീസ് മെഡലുകളും ലഭിച്ചവരുടെ മക്കള്‍, സംസ്ഥാനതല കായികമത്സരങ്ങളിൽ ജയിക്കുന്നവര്‍, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുന്ന സ്‌കൗട്ട്, ഗൈഡ്‌സ് കുട്ടികള്‍, ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കുട്ടികള്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുടെ കുട്ടികള്‍, ദേശീയതലത്തില്‍ ഫൈന്‍ ആര്‍ട്‌സ് പുരസ്‌കാരം ലഭിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ക്വാട്ട തുടരും.