JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കാം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഇതുള്ളവര്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള അലച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒഴിവായിക്കിട്ടി.
കേരളത്തില്‍ വലിയ വിഭാഗം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവരാണ്. അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാവുന്നത് വലിയൊരു വിഭാഗത്തിനാണ്. മതം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍, പ്രസ്തുത ആനുകൂല്യം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന കമ്യൂണിറ്റി/ നോണ്‍ക്രീമിലെയര്‍/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. സംവരണം ലഭിക്കാന്‍ വില്ലേജ് ഓഫിസറില്‍ നിന്ന് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ മൈനോറിറ്റിയാണെന്ന് തെളിയിക്കാന്‍ പ്രത്യേകം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട.
ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ മതി.തഹസില്‍ദാര്‍/വില്ലേജ് ഓഫിസര്‍ നല്‍കുന്ന ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ, അപേക്ഷകന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അടിസ്ഥാന രേഖയായി പരിഗണിക്കാമെന്നും പുതിയ നിര്‍ദേശമുണ്ട്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നല്‍കിയിട്ടുള്ള
വിവാഹ സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായും ഈ രേഖ ഹാജരാക്കുന്നവര്‍ സത്യവാങ്മൂലം നല്‍കുകയും വേണം. എന്നാലും മറ്റൊരു സര്‍ട്ടിഫിക്കറ്റിനായുള്ള അലയല്‍ ഒഴിവായിക്കിട്ടും എന്നത് ആശ്വാസമാണ്.