JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഇന്ത്യൻ സിവിൽ സർവീസും കേരള സിവിൽ സർവീസും ശരിയായ രീതിയിലുള്ള പരസ്പര ബന്ധം വളർത്തിയെടുത്ത് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രത്യേക കേഡറായി നിലനിൽക്കാതെ എല്ലാത്തിനെയും ബന്ധിപ്പിക്കുന്ന രാസത്വരകമായി മാറാൻ KAS ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതാണ് കേരളം പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ രക്ഷയാകും എന്ന കാഴ്ചപ്പാട് ഉണ്ടാവരുത്. അഴിമതി, കെടുകാര്യസ്ഥത, ചുവപ്പുനാട എന്നിവ ഇല്ലാതെ ഭരണ സംവിധാനത്തെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര -സാങ്കേതിക രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി സിവിൽ സർവീസിനെ കൂടുതൽ ജനകീയവും വേഗവുമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
കേരള സംസ്ഥാനം രൂപം കൊണ്ടത് മുതൽ നാം ഒരു ആശയമായി കൊണ്ടുനടന്ന കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്എസ് യാഥാർഥ്യമാക്കാനായി പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രത്യേക പ്രത്യേക അഭിനന്ദനം അർഹിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നത് സിവിൽ സർവീസിലൂടെയാണ്. അതുകൊണ്ട് തന്നെ ആ നയങ്ങൾ ജനതാല്പര്യത്തോടുകൂടി നടപ്പാക്കണമെങ്കിൽ സിവിൽ സർവീസും ജനകീയമാകണം.
ആധുനിക സിവിൽ സർവീസും അനുബന്ധ കാര്യങ്ങളും പഴയകാലത്ത് ബ്രിടീഷുകാർ രൂപപ്പെടുത്തിയതിന്റെ തുടർച്ചയാണ്. അതുകൊണ്ടുതന്നെ പല രീതിയിലുള്ള കൊളോണിയൽ താല്പര്യങ്ങളും സംസ്കാരവും അതിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നത് യഥാർഥ്യമാണ്. സിവിൽ സർവീസിനെ ഉടച്ചുവാർക്കുക എന്നതാണ് സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം അഭിമുഖീകരിച്ച പ്രധാന കാര്യം.
ജനങ്ങളെ സേവിക്കുന്നതിനാണ് സർക്കാർ ഓരോ സംവിധാനവും ഒരുക്കുന്നത്. സിവിൽ സർവീസിനെ വലിയ തോതിൽ ദുർബലപ്പെടുത്താനും തളർത്താനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലുള്ളത്. സിവിൽ സർവീസ് ജനവൽക്കരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഭരണാഭാഷ മാതൃഭാഷ യിലാവണമെന്ന് കേരളത്തിന്റെ തീരുമാനമാണ്. അത് പൂർണമായും നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമായവർ ആ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളോട് അവഗണനയും പാടില്ല. KAS ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി വി.പി.ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. KAS ബാച്ചുകളിലെ ഒന്നാം റാങ്കുകർക്കുള്ള ഐഡന്റിറ്റി കാർഡ് മുഖ്യമന്ത്രി വിതരണം ചെയ്തു.