വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

Published on : October 15 - 2021 | 6:30 am

തിരുവനന്തപുരം: ഇന്ന് വിജയദശമി.. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള അനുഗ്രഹീത ദിവസം. സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുരുന്നുകൾ ഇന്ന് ഹരി ശ്രീ കുറിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമായി രാവിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഭാഷാ പിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണയും വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാനവമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും നടന്നു. ദുർഗാഷ്‌ടമി ദിനമായ ബുധനാഴ്ച വൈകിട്ട്‌ വിദ്യാർഥികൾ ക്ഷേത്രങ്ങളിലും വീടുകളിലുമായി പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജക്കായി സമർപ്പിച്ചു. പതിവ് പഠനോപകരണങ്ങൾക്ക് ഒപ്പം കഴിഞ്ഞ വർഷത്തിന്‌ സമാനമായി കുട്ടികൾ മൊബൈൽ ഫോണും ടാബും പൂജവച്ചു. മഹാനവമി ദിനമായ ഇന്നലെ വൈകിട്ട് ആയുധപൂജ നടന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ഇന്ന് നൂറോളം കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയ്ക്കുപുറമേ സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടക്കും


വിദ്യാരംഭം
ഗണപതി പൂജയോടെയാണ് വിദ്യാരംഭം ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ “ഹരിശ്രീ” എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ “ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ” എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

0 Comments

Related NewsRelated News